Friday, 23 November 2012

Mathrubhumi yathra(Nelliyampathy)







http://www.mathrubhumi.com/yathra/column/shaheed/article/248350/page1/index.htmlകാടിന്റെ ഘനഗംഭീരമായ ആത്മാവിന്റെ പ്രതിരൂപമാണ് കാട്ടുപോത്തുകള്‍. കാട്ടുപോത്തുകളെത്തേടിയുള്ള യാത്രകള്‍ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ ഓര്‍ത്തെടുക്കുന്നു


മൂന്നാര്‍-കൊടൈക്കനാല്‍റൂട്ടിലാണ് ഏറ്റവും വലിയ കാട്ടുപോത്തുകളെ ഞാന്‍ കണ്ടിട്ടുള്ളത്. അവിടെ ഞങ്ങള്‍ അഞ്ചരയ്ക്കുള്ള പോത്തെന്ന് വിളിക്കുന്ന ഒരു കൂറ്റനുണ്ടായിരുന്നു. അഞ്ചരയ്ക്കുള്ള ബസ് പോയ്കഴിയുമ്പം അവന്‍ കൃത്യമായി റോഡിലിറങ്ങും. അതു വഴി പോകുന്ന യാത്രികര്‍ക്കും ഗൈഡുകള്‍ക്കും അവന്‍ സുപരിചിതനായി. പിന്നീടെപ്പെഴോ വേട്ടക്കാരുടെ തോക്കിനിരയായി. ഇപ്പോഴും അഞ്ചരയ്ക്കാ വഴി കടന്നുപോകുമ്പോള്‍ അറിയാതെ കാത്തിരുന്നു പോകും അവനെ.'' ആനയെയും കരടിയെയും കടുവയെയും ക്യാമറയുമായി പിന്തുടര്‍ന്നിട്ടുള്ള നസീറിന് കാട്ടുപോത്തുകളും നിരവധി അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ''നെല്ലിയാംപതിയിലെ കാട്ടില്‍ കാട്ടുപോത്തുകളെ തേടി നടക്കുകയായിരുന്നു. കൂടെ വനംവകുപ്പിലെ വാച്ചര്‍ മണികണ്ഠനും. മണികണ്ഠനെ കണ്ടാല്‍ കാട്ടുപോത്തുകള്‍ക്ക് കലിയിളകും എന്നു കേട്ടിട്ടുണ്ടായിരുന്നു. കാട്ടുപോത്തിനെ ദൂരെ നിന്ന് കണ്ടപ്പോഴേ മണികണ്ഠന് ടെന്‍ഷന്‍. 

''സാര്‍ അതിപ്പം വരും നമുക്ക് ജീപ്പില്‍ കയറാം.''
''നിങ്ങള്‍ മിണ്ടാണ്ടിരി അതൊന്നും ചെയ്യില്ല.''
''അല്ല സാര്‍ അതിപ്പം വരും.''
പറഞ്ഞു തീര്‍ന്നതും അവനൊന്ന് ചീറി, പിന്നൊരു കുതിപ്പായിരുന്നു. കാളപ്പോരിന്റെ കരുത്തും ശൗര്യവും ഒരു കൊടുംകാറ്റ് പോലെ.... മണികണ്ഠന്‍ ഓടി. തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഞാനൊഴിഞ്ഞുമാറി. ഡ്രൈവര്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതു. അതിന്റെ മുരള്‍ച്ച കേട്ടപ്പോള്‍ അവന്‍ നിന്നു. പിന്നെ മടങ്ങി. ഒരു ചുഴലി ഒഴിഞ്ഞപോലെ ഞങ്ങള്‍ ആശ്വസിച്ചു. ജീപ്പില്ലായിരുന്നെങ്കില്‍ മണികണ്ഠന്റെ കഥ അന്നു കഴിയുമായിരുന്നു.'' വന്യജീവി ഫോട്ടോഗ്രാഫറായ എന്‍. എ. നസീറിന്റെ അനുഭവങ്ങളില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് മണികണ്ഠനുമായുള്ള കാട്ടുപോത്തുകളുടെ ഈ സംഘര്‍ഷം. മണികണ്ഠന്‍ ഓടി രക്ഷപ്പെടുന്ന കാഴ്ച ഇന്നും നസീറിന്റെ കണ്മുന്നിലുണ്ട്.  മണികണ്ഠന് കാട്ടിനടുത്ത് കൃഷിയുണ്ടായിരുന്നു. മൃഗങ്ങളെ ഓടിക്കാന്‍ ശബ്ദമുണ്ടാക്കുകയും തീ കൂട്ടുകയുമൊക്കെ ചെയ്യുമായിരുന്നു. ഇതിന്റെ പകയാവണം ഇതിനു പിന്നിലെന്ന് എനിക്കു തോന്നുന്നു. ചില മണങ്ങളും ശബ്ദങ്ങളും അവ ഒരിക്കലും മറക്കില്ല. 

കാഴ്ചയില്‍ കാട്ടുപോത്ത് ഭീകരന്‍. കൊടും ഭീകരന്‍. എന്നാല്‍ ഒരിക്കലും ഉപദ്രവകാരിയായി പെരുമാറിയിട്ടില്ലെന്ന് നസീര്‍. പലപ്പോഴും ഓടിയകലുകയാണ് അവന്‍ ചെയ്യുക. ആനകള്‍ക്കിടയിലെന്ന പോലെ കാട്ടുപോത്തുകള്‍ക്കിടയിലും ഒറ്റയാനെ കാണാം. പക്ഷെ അവ അപകടകാരിയല്ല. പ്രായം കൂടുതലുള്ളവയാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത്. 

പറമ്പിക്കുളത്തെ കാട്ടുപോത്തുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നസീര്‍ പറയുന്നു. ജീപ്പ് കണ്ടാല്‍ വഴിമാറില്ല. 'അല്‍പ്പം കഴിഞ്ഞിട്ട് പോകാം' എന്ന ഭാവം. തുറിച്ചു നോക്കി അല്‍പ്പനേരം നിന്നെന്നും വരാം. പക്ഷെ ഭയപ്പെടേണ്ടതില്ല എന്നാണ് നസീറിന്റെ അനുഭവം. പതുക്കെ അവ പിന്‍വാങ്ങിക്കൊള്ളും. ജീപ്പില്‍ രാത്രി സഞ്ചരിച്ച് കാട്ടുപോത്തുകളെ ഷൂട്ട് ചെയ്യുന്നതിന്റെ ത്രില്‍ നസീര്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്. 'അതൊരനുഭവം തന്നെയാണ്. ദൂരെ നിന്ന് ലൈറ്റ് കാണുമ്പോള്‍തന്നെ അവ തലയുയര്‍ത്തും. കണ്ണുകള്‍ തീക്കട്ട പോലെ തിളങ്ങും. പരിചയസമ്പന്നരായ ഡ്രൈവര്‍മാരാണെങ്കില്‍ കാട്ടുപോത്തിന്റെ തൊട്ടുത്തു വരെ ജീപ്പുമായി ചെല്ലും. അപ്പോഴും പരിഭവമില്ലാതെ അവന്‍ നില്‍ക്കും. പിന്നെ, നിശ്ശബ്ദം വനത്തിനുള്ളിലേക്കു കയറിപ്പോകും.

സുദീര്‍ഘമായ വൈല്‍ഡ് ഫോട്ടോഗ്രാഫി കരിയറില്‍ പശ്ചിമഘട്ടത്തിലെങ്ങും കാട്ടുപോത്തുകളെത്തേടി അലഞ്ഞിട്ടുണ്ട് നസീര്‍. വയനാട്ടിലും പറമ്പിക്കുളത്തും നെല്ലിയാമ്പതിയിലും തേക്കടിയിലും ചിന്നാറിലും ഇരവികുളത്തുമെല്ലാം അവയെ പിന്തുടര്‍ന്ന് ഷൂട്ട് ചെയ്തിട്ടുണ്ട്. ഇരവികുളത്താണ് അവയെ കാണാന്‍ ഏറ്റവും പ്രയാസമുള്ളതെന്ന് നസീര്‍ പറയുന്നു.  കാട്ടുപോത്തുകളെത്തേടിയുള്ള യാത്രയിലെ ഏറ്റവും ഹൃദയഹാരിയായ കാഴ്ച തേക്കടിയിലെ പൂവരശിയിലാണ് നസീര്‍ കണ്ടത്. നോക്കെത്താത്ത പുല്‍മേടുകളില്‍ കൂട്ടംകൂട്ടമായി കാട്ടുപോത്തുകള്‍ ഇളംവെയിലില്‍ മേഞ്ഞുനടക്കുന്ന ആ കാഴ്ച ഒരിക്കലും മറക്കില്ല. 60ലേറെ പോത്തുകള്‍ അന്നാ സംഘത്തിലുണ്ടായിരുന്നുവെന്ന് നസീര്‍ ഓര്‍ക്കുന്നു. പറമ്പിക്കുളത്തും ഇതുപോലെ വലിയ കൂട്ടങ്ങളെ കണ്ട ദിവസങ്ങള്‍ നസീര്‍ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ചിന്നാര്‍ വശ്യപ്പാറയില്‍ വെച്ചാണ് കാട്ടുപോത്തുകളുടെ പോരാട്ടം കണ്ടിട്ടുള്ളത്. പൊടിപാറുന്ന പോരാട്ടം. കുറ്റിച്ചെടികളും പുല്ലുമെല്ലാം ഞെരിഞ്ഞമര്‍ന്നു. ഞങ്ങള്‍ മുകളിലും കാട്ടുപോത്തുകള്‍ താഴ്‌വരയിലുമായിരുന്നു. പോരാട്ടം നിര്‍ത്തി രണ്ടും പുല്ലു തിന്നാന്‍ രണ്ട് വഴിക്ക് നീങ്ങി. അല്‍പം കഴിഞ്ഞ് കലിയടങ്ങാത്തപോലെ അവ വീണ്ടും കൊമ്പുകോര്‍ത്തു. ഏറെ നേരം നീണ്ടുനിന്ന പോരാട്ടം അവസാനിച്ചത് രണ്ടുപേരും ക്ഷീണിച്ചപ്പോഴാണ്.

ആനയും കാട്ടുപോത്തുമെല്ലാം വളരെ സൗഹൃദത്തോടെ നില്‍ക്കുന്ന കാഴ്ചയും കണ്ടിട്ടുണ്ട്. ആനയൊടിച്ചിട്ട കൊമ്പുകളില്‍ നിന്ന് ഇലകളും പഴങ്ങളും തിന്നുന്ന കാട്ടുപോത്തും മാനുമെല്ലാം കാട്ടിലെ കാഴ്ചകളാണ്. സസ്യഭുക്കുകള്‍ തമ്മിലുള്ള ഐക്യം.

പാമ്പാടുംചോലയില്‍ കണ്ട പടുകൂറ്റന്‍ കാട്ടുപോത്തിനെയും നസീര്‍ പ്രത്യേകം ഓര്‍ക്കുന്നു. നാഗര്‍ഹോളെയില്‍ കാണുന്ന കാട്ടുപോത്തുകളെപ്പോലെ വലുപ്പമുള്ള ഒന്ന്. ഗുണ്ടുമണിയെന്ന ആനയെപ്പോലെ! മസ്തകത്തില്‍ കാക്കയെയും പേറിയുള്ള അവന്റെ സഞ്ചാരത്തിന് രാജകലയായിരുന്നു! ചിന്നാറില്‍ വെച്ച് വെള്ളകാട്ടുപോത്തിനെ കണ്ടതും മറക്കാനാവാത്ത അനുഭവം തന്നെ.

കാട്ടുപോത്തുകളെത്തേടി പോകുമ്പോള്‍ മഞ്ഞുകാലത്താണ് ഏറ്റവും സൂക്ഷിക്കേണ്ടത്. മഞ്ഞുവലയം നീങ്ങുമ്പോഴാവും പോത്തുകളെ കാണുക. തൊട്ടു മുന്നില്‍ നില്‍പ്പുണ്ടാവും. കൂട്ടംകൂടി ഇമവെട്ടാതെ നോക്കിക്കൊണ്ട്. അപരിചിത ഗന്ധമോ കാഴ്ചയോ ഉണ്ടായാല്‍ മിക്കപ്പോഴും അവ പിന്‍വാങ്ങും. കാട്ടുപോത്തുകള്‍ക്ക് നല്ല കാഴ്ചശക്തിയുണ്ടെന്നാണ് നസീറിന്റെ അനുഭവം. 

കാട്ടുപോത്തിന്റെ നിരവധി മുഖഭാവങ്ങള്‍ നസീറിന്റെ ക്യാമറയില്‍ ഇതിനോടകം പതിഞ്ഞിട്ടുണ്ട്. 'ഇതുവരെ എനിക്കൊരു ഉപദ്രവവും ഉണ്ടായിട്ടില്ല. വളരെ അടുത്തു നിന്നുപോലും ഞാനവയെ ഷൂട്ട് ചെയ്തിട്ടുണ്ട്',നസീറിന്റെ അനുഭവസാക്ഷ്യം.

കാട്ടുപോത്തുകളെ ക്യാമറയിലാക്കുമ്പോള്‍
കാടിനിണങ്ങുന്ന വേഷം ധരിക്കുക/സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കരുത്/ഫ്ലാഷും ഉപയോഗിക്കരുത്/വളരെ സൂത്രക്കാരനാണ് കാട്ടുപോത്ത്. ദൂരെ നിന്നു തന്നെ കാണും. ഘ്രാണശക്തിയുമുള്ളതുകൊണ്ട് നമ്മുടെ സാന്നിധ്യവും മനസിലാക്കും. പക്ഷെ പൊതുവേ ആക്രമിക്കാറില്ല. കൂട്ടംതെറ്റിയവയോ മുന്നില്‍പെട്ടുപോയാലോ ആക്രമിച്ചേക്കും/കോടമഞ്ഞുള്ളപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം/പുല്ല് തിന്നുപോലെ മുഖം താഴ്ത്തിയാലും നമ്മെ ശ്രദ്ധിച്ചിരിക്കുകയായിരിക്കും. നമ്മള്‍ നീങ്ങുന്നെന്ന് കണ്ടാല്‍ ഉടനെ തലയുയര്‍ത്തി നോക്കും. ഇരുന്ന് ഫോട്ടോയെടുത്താല്‍ ചിലപ്പോ നല്ല പോസ് കിട്ടും. മുന്നോട്ട് നീങ്ങിയാല്‍ അവ ഓടിക്കളയും. പയ്യെപയ്യെ നീങ്ങിയാല്‍ ക്ലോസപ്പ് ചിത്രങ്ങളും കിട്ടും/ഏറ്റവും വലിയ കൂട്ടത്തെ കണ്ടിട്ടുള്ളത് പെരിയാറിലെ പൂവരശ് ഭാഗത്താണ്. ഏതാണ്ട് 120 എണ്ണത്തോളമുള്ള കൂട്ടത്തെവരെ കണ്ടിട്ടുണ്ട്. 

No comments:

Post a Comment